കേളകം (കണ്ണൂർ): കടം 85 ലക്ഷം. വീട്ടാൻ പല വഴി നോക്കിയിട്ടും സാധിച്ചില്ല. ആറ്റുനോറ്റുണ്ടാക്കിയ വീടും പുരയിടവും ബാങ്കുകാർ ജപ്തി ചെയ്ത് അടച്ചിട്ട് കാടുമൂടി നശിക്കുന്നത് കാണാനാകാതെ പ്രവാസി പുതിയ ഒരു മാർഗം തേടി - കൂപ്പൺ വിറ്റ് കാശ് കണ്ടെത്തുക, നറുക്കെടുത്ത് ഒന്നാം സമ്മാനമായി വീടും ഭൂമിയും നൽകുക - ഇതാണ് കണ്ടെത്തിയ മാർഗം. ഒരു കൂപ്പണിൻ്റെ വിലയായ 1500 രൂപ നൽകിയാൽ 3300 സ്ക്വയർ ഫീറ്റ് വീടും 26 സെൻ്റ് ഭൂമിയും സ്വന്തമാക്കാം. ഇത് ഒരു ലോട്ടറി കച്ചവടമല്ല. പ്രവാസിയായിരുന്ന കാട്ടുപാലം ബെന്നി തോമസ് എന്ന കുടുംബനാഥൻ കടബാധ്യതയിൽ നിന്ന് കര കയറാനും ഭാര്യയുടെ ചികിത്സാ ചെലവ് കണ്ടെത്താനും വേണ്ടി നടത്തുന്ന ഒരു പരീക്ഷണമാണ്.
കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് സ്വദേശിയാണ് കാട്ടുപാലം ബെന്നി തോമസ്. വീടും സ്വത്തും ജപ്തി ചെയ്ത് പോകാതെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് കൂപ്പൺ സമ്പ്രദായത്തിലൂടെ ശ്രമിക്കുന്നത്. സൗദി അറേബ്യയിലെ റിയാദിൽ 35 വർഷം ജോലി ചെയ്‌ത് സമ്പാദിച്ച പണം കൊണ്ടാണ് ബെന്നി അടയ്ക്കാത്തോട്ടിൽ വീടും കുറച്ച് ഭൂമിയും വാങ്ങിയത് സൗദിയിൽ ഡ്രൈവറായി ജോലിക്ക് പോയ ബെന്നി പിന്നീട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്ന അൽവത്താനിയ കമ്പിനിയിൽ ജോലിക്ക് ചേർന്നു. 2016 ൽ റിയാദിൽ സ്വന്തം സംരംഭമായി ഒരു സ്പെയർ പാർട്സ് കട ആരംഭിച്ചു ഒപ്പം നാട്ടിൽ കുറച്ച് കൃഷിയും. തിരികെ നാട്ടിൽ എത്തുമ്പോൾ കൃഷി തുടരാനായിരുന്നു പദ്ധതി. ഇതിനുള്ള ഭൂമിക്കും കൃഷിക്കും വേണ്ടിയാണ് 55 ലക്ഷം രൂപ കാർഷിക വായ്‌പയെടുത്തത്. 2020 വരെ നല്ല നിലയിൽ പോയി. എന്നാൽ കോവിഡ് ലോക്ക് ഡൗൺ എത്തിയതോടെ പ്രീമിയം അടയ്ക്കൽ മുടങ്ങി ലോക്ക് ഡൗൺ മാറിയപ്പോഴേക്കും സൗദിയിലെ സ്പോൺസർ മരിച്ചു. പകരം മകൻ സ്പോൺസറായി വന്നു.പ്രതിസന്ധിയെ മറി കടന്ന് ഒരു വിധം പിടിച്ചു നിൽക്കാൻ തുടങ്ങിയ കാലത്ത് സ്പോൺസറെ കാണാതായി. എവിടെ പോയെന്നോ എന്ന് സംഭവിച്ചുവെന്നോ ആർക്കുമറിയില്ല. വിദേശത്ത് ഏതോ ജയിലിൽ ആണെന്നും കേട്ടു. അയാളെ കണ്ടെത്താനും വീസയും രേഖകളും പുതുക്കാനും കഴിയാതെ ബെന്നി നട്ടം തിരിഞ്ഞു. സ്പോൺസർ ഇല്ലാതെ വന്നതോടെ സ്‌ഥാപനം പൂട്ടി. ഇതിനിടയിലാണ് ഭാര്യയ്ക്ക് കാൻസർ ബാധിച്ചതായി സ്‌ഥിരീകരിച്ചത്. പിന്നെ ചികിത്സയ്ക്കായി നെട്ടോട്ടം ഓടുന്നതിന്' ഇടയിൽ കൈവശമുള്ള പണമെല്ലാം തീരുകയും കടം 85 ലക്ഷത്തിന് മുകളിൽ എത്തുകയും ചെയ്‌തു. മറ്റ് ചെറിയ ബാധ്യതകളും. ഭാര്യയുടെ തുടർ ചികിത്സക്കായി 21 ദിവസം കൂടുമ്പോൾ 2.75 ലക്ഷം രൂപ ആവശ്യമായി വന്നിരിക്കുകയാണ് ഇപ്പോൾ. വീടും ഭൂമിയും വിറ്റ് കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനും ചികിത്സയ്ക്ക് പണം കണ്ടെത്താനും ശ്രമിച്ചെങ്കിലും വിൽപന സാധിക്കാതെ വന്നു. വീടും സ്വത്തും ജപ്‌തി ചെയ്യുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. അതിനും മുൻപ് ബാങ്ക് പിടിച്ചെടുക്കാതെ അവയെല്ലാം ആരുടെയെങ്കിലും കൈവശം എത്തിക്കുകയും ബാധ്യതകൾ തീർക്കുകയും ചെയ്യുന്നതിന് വഴി ആലോചിച്ചപ്പോൾ ആണ് കൂപ്പൺ ഏർപ്പെടുത്തുക എന്ന ആശയം ഉണ്ടായത്. ഇതോടെ ആ വഴിക്കുള്ള ശ്രമം തുടങ്ങി. 10000 കൂപ്പണുകൾ അച്ചടിച്ചു. 1500 രൂപയാണ് കൂപ്പണിന്റെ മുഖവില ഒന്നാം സമ്മാനം എല്ലാ വിധ സൗകര്യങ്ങളോടെയുള്ള വീടും സ്‌ഥലവും. രണ്ടാം സമ്മാനമായി ഒരു യൂസ്‌ഡ് താർ കാർ, മൂന്നാം സമ്മാനമായി ഒരു യൂസ്‌ഡ് മാരുതി സെലേറിയോ കാർ, നാലാം സമ്മാനമായി പുതിയ ഒരു എൻഫീൽഡ് ബുള്ളറ്റ് - ഇത്രയുമാണ് നൽകുന്നത്. നറുക്കെടുപ്പ് തീയതി 2025 മേയ് 25 ആണ്. ഇതിനെല്ലാം ഇടയിൽ വീടും സ്‌ഥലവും വിൽക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. വീട് വിൽപന നടത്തിയാൽ കുപ്പൺ എടുത്തവർക്ക് തുക തിരികെ നൽകുമെന്നും ബെന്നി പറഞ്ഞു. എല്ലാം നല്ല രീതിയിൽ പോയിരുന്ന കാലത്ത് പാവങ്ങൾക്ക് വീട് വച്ചു കൊടുത്തും സഹായങ്ങൾ നൽകിയും സാന്ത്വനം പകർന്ന ബെന്നിക്ക് ഈ കട ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ പുതുവഴി തെളിയുമെന്ന് വിശ്വസിക്കാം. വിവരങ്ങൾക്ക്: 90614 47646, 7306336407.
1 crore house and land for just Rs 1500! Expatriate tries coupons and lottery to avoid debt